Friday, August 7, 2009

മഴ



ചിതറിയമഴപോലെ ചിന്ത.
പൊഴിയുന്ന മഴപോലെപ്രണയം.
കര്‍ക്കിടകമഴപോലെ കദനം.
തുലാവര്‍ഷം പോലെ കാമം.



നിലാമഴപോലെ നിഴലുകള്‍.
അമാവാസിമഴപോലെ അഴലുകള്‍.
പകല്‍മഴപോലെ അറിവുകള്‍
രാത്രിമഴപോലെ നിറവുകള്‍.


തോരാത്തമഴപോലെ ദുഃഖം.
കുളിര്‍മഴപോലെ മോഹം.
മഞ്ഞുമഴപോലെ സ്വപ്നം.
വേനല്‍മഴപോലെ സത്യം.



എവിടെയും മഴ!

കരയിലും മഴ,
കടലിലും മഴ,
മണ്ണിലും മഴ,
മനസ്സിലും മഴ,
ജനനത്തിലും മഴ,
മരണത്തിലും മഴ,
സ്നേഹത്തിലും മഴ,
വെറുപ്പിലും മഴ,
ജീവനിലും മഴ,
ജീവിതത്തിലും മഴ,
എങ്കിലും മഴയേ......
നിന്നെ ഞാന്‍ സ്നേഹിക്കുന്നു!




ശ്രീദേവിനായര്‍

Tuesday, August 4, 2009

ആത്മാവ്




താഴ്വാരങ്ങളെത്തലോടി
വന്നകാറ്റിന്റെ,
ശരീരം ചൂടായിരുന്നു.


ഹിമവല്‍ സാനുക്കളെ തേടിയലഞ്ഞ
ആത്മാവിന്റെ മനസ്സുപോലെ,
തപ്തനിശ്വാസങ്ങള്‍ അലിഞ്ഞ അവയില്‍;



ഏകാന്തപഥികനായ ഒരു സന്യാസിയുടെ,
വിരഹ തപസ്യയുടെ വീരകഥകള്‍
താപത്തിന്റെ തളം കെട്ടിക്കിടന്നു.



അഗ്നിയുടെ ജ്വാലകള്‍ തീഷ്ണ സന്ധ്യകളായി
പുകയുന്നുണ്ടായിരുന്നു.
അവയില്‍ കര്‍പ്പൂര ഗന്ധം മറന്ന
ഹോമകുണ്ഠം നെടുവീര്‍പ്പിലമര്‍ന്നു.



തേജസ്വിയായ കുമാരന്റെ മനം
കാത്ത മനോബലം,
താപസ ശ്രേഷ്ഠന്റെ തപോബലത്തില്‍
നിര്‍വ്വീര്യമാകുന്നുവോ?



ശ്രീദേവിനായര്‍